ഡമാസ്കസ്: മുൻ സിറിയൻ പ്രസിഡന്റ് ബഷാർ അസദിനും സഹോദരൻ മഹർ അസദിനും വധശിക്ഷ വിധിച്ച് സിറിയൻ കോടതി. പ്രതികളുടെ അസാന്നിധ്യത്തിൽ നടന്ന വിചാരണയിൽ പ്രത്യേക കോടതിയാണു ചരിത്രപരമായ വിധി പ്രസ്താവം നടത്തിയത്. മാനവികതയ്ക്കെതിരായ കുറ്റകൃത്യങ്ങൾക്കും യുദ്ധക്കുറ്റങ്ങൾക്കുമാണ് ഇരുവർക്കും വധശിക്ഷ വിധിച്ചത്. സിറിയൻ സൈന്യത്തിന്റെ എലൈറ്റ് റിപ്പബ്ലിക്കൻ ഗാർഡ് കമാൻഡറായിരുന്നു മഹർ അസദ്.
പതിനാലു വർഷത്തോളം നീണ്ടുനിന്ന സിറിയൻ ആഭ്യന്തരയുദ്ധക്കാലത്ത് നടന്ന കൂട്ടക്കൊല, ക്രൂരമായ പീഡനങ്ങൾ, നിയമവിരുദ്ധ തടങ്കലിലാക്കൽ, കുട്ടികളടക്കമുള്ള നിരപരാധികളുടെ വധം തുടങ്ങിയ കൊടും കുറ്റങ്ങളിൽ അസദും കൂട്ടാളികളും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. അസദ് ഭരണകൂടത്തിന്റെ ക്രൂരമായ അടിച്ചമർത്തലുകളെ തുടർന്നുണ്ടായ ആഭ്യന്തരയുദ്ധത്തിൽ ഏകദേശം അഞ്ച് ലക്ഷത്തോളം ആളുകൾ കൊല്ലപ്പെടുകയും ദശലക്ഷക്കണക്കിന് ആളുകൾക്ക് സ്വന്തം നാട് ഉപേക്ഷിച്ച് പലായനം ചെയ്യേണ്ടിവരികയും ചെയ്തുവെന്നാണ് റിപ്പോർട്ട്.
വിമത സഖ്യത്തിന്റെ ശക്തമായ മുന്നേറ്റത്തെ തുടർന്ന് ഭരണത്തിൽനിന്നു പുറത്താക്കപ്പെട്ട അസദ്,കുടുംബാംഗങ്ങളോടൊപ്പം റഷ്യയിലാണ് അഭയം തേടിയിരിക്കുന്നത്. മുൻ പ്രസിഡന്റിനെ നിയമനടപടികൾക്കായി വിട്ടുനൽകണമെന്ന് സിറിയയിലെ പുതിയ ഭരണകൂടം റഷ്യയോട് ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും അന്താരാഷ്ട്ര തലത്തിലുള്ള നിയമപോരാട്ടങ്ങളും ചർച്ചകളും ഇപ്പോഴും തുടരുകയാണ്.
1970 മുതൽ 2000 വരെ സിറിയ ഭരിച്ച ഹാഫിസ് അസദിന്റെ മകനാണ് ബഷാർ അസദ്. പിതാവിന്റെ പിൻഗാമിയായെത്തിയ അസദ് 2000 മുതൽ 2024 വരെ സിറിയയുടെ പ്രസിഡന്റായിരുന്നു. 2024 ഡിസംബറിൽ ഉണ്ടായ ആഭ്യന്തര അട്ടിമറിയിലൂടെയാണ് അസദിന് അധികാരം നഷ്ടപ്പെടുകയും രാജ്യം വിടേണ്ടി വരികയും ചെയ്തത്.